കേരള മുസ്‌ലിം ജമാഅത്ത്

ഈജിപ്ത്: ചര്‍ച്ചുകള്‍ക്ക് നേരെയുള്ള അക്രമണം അപലപനീയം: കാന്തപുരം

10 Things in Life That You Must Know

കോഴിക്കോട്: വടക്കന്‍ ഈജിപ്തിലെ രണ്ടു ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതായി അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ലോകത്തെ കൂടുതല്‍ കാലുഷ്യങ്ങളിലേക്ക് തള്ളിവിടുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ സമാധാനം ഇഷ്ടപ്പെടാത്ത ദുഷ്ടശക്തികളാണ്. മനുഷ്യത്വത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഓരോ ഭീകരാക്രമണവും. അന്യമതസ്തരുടെ ആരാധനാലയങ്ങള്‍ അക്രമിക്കുന്നതിനെ ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നുണ്ട്. സ്വസ്ഥമായ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ മതവല്‍കരിക്കാന്‍ ഭീകരസംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാം എന്നും സമാധാനത്തിനു വേണ്ടിയാണ് നിലകൊണ്ടത്. സമാധാനത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളുടെ വിശാലമായ ചരിത്രമാണ് ഇസ്ലാമിന് പറയാനുള്ളത്. അപരന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്നതാണ് വിശുദ്ധമതത്തിന്റെ കാഴ്ചപ്പാട്. പില്‍ക്കാലത്ത് മത സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന് ഭയന്ന് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ പ്രാര്‍ത്ഥന നടത്താനുള്ള ക്ഷണം നിരസിച്ച ഖലീഫ ഉമറാണ് മുസ്ലിംകളുടെ മാതൃക. മതത്തിന്റെ വ്യാജ വിലാസത്തില്‍ മറ്റു മതസ്ഥര്‍ക്കെതിരെ വാളോങ്ങുന്ന അല്‍പബുദ്ധികള്‍ ഇസ്ലാമിലെ ചരിത്ര പുരുഷന്‍മാരെയും പൂര്‍വ മാതൃകകളെയുമാണ് തള്ളിക്കളയുന്നത്. ഈജിപ്തിലെ ഭീകരാക്രമണം തീവ്രവാദികളുടെ മതവിരുദ്ധമുഖം തുറന്നു കാട്ടുന്നതാണ്. ഇത്തരം ശക്തികള്‍ക്കെതിരെ മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനതയും ഐക്യപ്പെടണമെന്നും കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

IMM

Media Mission Desk

..